വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ കടന്നാക്രമിച്ചു. ദേശീയവാദം നിറഞ്ഞ ട്രംപിന്റെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യത്തെ പ്രസംഗത്തിലുടനീളം മക്രോണ്‍ വിമര്‍ശിച്ചു. ആണവകരാറില്‍ ട്രംപ് ഉറച്ചുനിന്നേക്കില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പശ്ചിമേഷ്യയില്‍ പഴയകാല അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാനുമായി ബന്ധപ്പെട്ട ആണവ ആശങ്കകളെല്ലാം കരാര്‍ ദൂരീകരിക്കുന്നുണ്ട്. ശക്തമായ മറ്റൊരു പോംവഴിയില്ലാതെ ബന്ധപ്പെട്ട കക്ഷികള്‍ കരാര്‍ ഉപേക്ഷിക്കരുത്. അമേരിക്ക മുന്‍കൈയെടുത്താണ് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതില്‍ ഒപ്പുവെച്ചത്. അതുകൊണ്ട് തന്നെ കരാറില്‍നിന്ന് പിന്മാറണമെന്ന് നമുക്ക് അനായാസം പറയാനാവില്ല-മക്രോണ്‍ വ്യക്തമാക്കി.

ഇറാന്റെ കൈയില്‍ ഒരു ആണവായുധം പോലുമില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴുമില്ല, കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷത്തിനകമോ ഉണ്ടായിട്ടില്ല-മക്രോണ്‍ പറഞ്ഞു. ട്രംപിന്റെ തീവ്ര ദേശീയവാദത്തേയും അദ്ദേഹം തുറന്നെതിര്‍ത്തു. അമേരിക്ക ബഹുമുഖ സമൂഹത്തില്‍ അധിഷ്ഠിതമാണ്. ഒറ്റപ്പെടലും ഉള്‍വലിവുമെല്ലാം നമ്മുടെ ആശങ്കകള്‍ക്കുള്ള താല്‍ക്കാലിക പരിഹാരമായി നമ്മെ വശീകരിച്ചേക്കും. എന്നാല്‍ ലോകത്തിനു മുന്നില്‍ വാതിലടച്ചതുകൊണ്ട് ആഗോള പരിണാമത്തെ തടുത്തുനിര്‍ത്താനാവില്ല. അത്തരം നടപടികള്‍ നമ്മുടെ പൗരന്മാരുടെ ഭയത്തെ ആളിക്കത്തിക്കുകയേ ഉള്ളൂ. നമുക്ക് മുന്നിലുള്ള പുതിയ വെല്ലുവിളികള്‍ക്കു നേരെ കണ്ണുതുറന്നിരിക്കുകയാണ് വേണ്ടത്-മക്രോണ്‍ ഉപദേശിച്ചു.

വൈറ്റ്ഹൗസില്‍ ട്രംപ് നല്‍കിയ സ്വീകരണത്തിന്റെ ഊഷ്മളതയെല്ലാം മറന്നുകൊണ്ടായിരുന്നു മക്രോണ്‍ സംസാരിച്ചത്. തോളില്‍ തട്ടിയും മുഖസ്തുതി പറഞ്ഞും വശത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ വഴങ്ങില്ലെന്ന സന്ദേശവും അവസാന ദിനത്തില്‍ മക്രോണ്‍ നല്‍കി.