പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പലാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ കോവിഡ് പ്രോട്ടോകോളുകള്‍ പ്രകാരം പ്രസിഡന്റ് ഇനി ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയും. അതേസമയം ഔദ്യോഗിക ചുമതലകള്‍ മാക്രോണ്‍ നിരീക്ഷണ കാലയളവില്‍ നിര്‍വഹിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഈയാഴ്ച ആദ്യവാരമാണ് ഫ്രാന്‍സില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. അതേസമയം രാജ്യത്തിപ്പോഴും രാത്രി എട്ട് മണി മുതല്‍ കര്‍ഫ്യൂ ഉണ്ട്. കണക്കുകള്‍ പ്രകാരം ഫ്രാന്‍സില്‍ ഇതുവരെ 59300 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രം 17000 പേര്‍ക്ക് പതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.