Connect with us

india

പത്ത്‌ വര്‍ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു; യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദിയുടെ ദൗത്യം: ഖാര്‍ഗെ

രാജ്യത്തെ യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു. 

Published

on

രാജ്യത്തെ തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ച് സിറ്റിഗ്രൂപ്പ് അടക്കം നടത്തിയ സ്വതന്ത്ര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാര്‍ നിരാകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ എങ്ങനെയാണ് അവര്‍ക്ക് സര്‍ക്കാര്‍ ഡാറ്റ നിഷേധിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്. എസ്.ഒയുടെ (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്) അണ്‍ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേ പ്രകാരം, 2015നും 2023നും ഇടയില്‍ ഏഴ് വര്‍ഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങള്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാത്ത യൂണിറ്റുകളില്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
‘ 2010-11 വര്‍ഷങ്ങളില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെടാത്ത, കാര്‍ഷികേതര സംരംഭങ്ങളില്‍ 10.8 കോടി ജീവനക്കാര്‍ ജോലി ചെയ്തു. 2022-23 വര്‍ഷങ്ങളില്‍ ഇത് 10.96 കോടിയായി. അതായത് 12 വര്‍ഷത്തിനുള്ളില്‍ 16 ലക്ഷത്തിന്റെ നേരിയ വര്‍ധനവ് ഉണ്ടായി. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എല്‍.എഫ്.എസ്)പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമാണ്,’ ഖാര്‍ഗെ പറഞ്ഞു.
ഗവണ്‍മെന്റ് ഡാറ്റ വിശകലനം ചെയ്ത ശേഷം ഐ.ഐ.എം ലഖ്‌നൗ നടത്തിയ പഠനത്തില്‍ വിദ്യാസമ്പന്നര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ, തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം എന്നിവ രാജ്യത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം സ്വതന്ത്ര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് സര്‍ക്കാരിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എല്‍.ഒ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്. രാജ്യത്ത് 25 വയസിന് താഴെയുള്ള ബിരുദധാരികളില്‍ 42.3 ശതമാനവും തൊഴില്‍രഹിതരാണെന്ന് അസിം പ്രേംജി സര്‍വകലാശാലയുടെ 2023ലെ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാമര്‍ശിച്ചു.
സിറ്റി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 1.2 കോടി തൊഴിലവസരങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ജോലികളോ സ്വകാര്യ മേഖലയോ സ്വയം തൊഴിലോ അസംഘടിത മേഖലയോ എന്തുമാകട്ടെ യുവാക്കളെ തൊഴിലില്ലാതെ നിര്‍ത്തുക എന്ന ഒരേയൊരു ദൗത്യമേ മോദി സര്‍ക്കാരിനുള്ളൂവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.

Published

on

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

Continue Reading

india

നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം

നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.

20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.

വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.

ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:

സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.

പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.

പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

india

ബംഗളൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

Published

on

കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending