crime

വനംവകുപ്പ് ജീവനക്കാരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവം; ഗത്യന്തരമില്ലാതെ കേസെടുത്ത് പൊലീസ്; നടപടി 4 ദിവസത്തിനു ശേഷം

By webdesk13

June 09, 2024

വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അവസാനം കേസെടുത്ത് പൊലീസ്. പരാതി നല്‍കിയിട്ടും സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് കെസെടുക്കാന്‍ തയാറായിരുന്നില്ല. ഒടുവില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.

നാലു ദിവസം വൈകിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിപിഎം പ്രവര്‍ത്തകര്‍ അടക്കം 12 പേരാണ് കേസിലെ പ്രതികള്‍. പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് കേസെടുത്തത്. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചെന്നും ജീവനക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്‌തെന്നുമാണ് എഫ്‌ഐആര്‍. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൈ വെട്ടുമെന്നും സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം ഭീഷണിയെ തുടര്‍ന്ന് അടവി ഇക്കോ ടൂറിസം സെന്റര്‍ അടച്ചിരുന്നു. അനിശ്ചിത കാലത്തേക്കാണ് ഇക്കോ ടൂറിസം സെന്റര്‍ അടച്ചിട്ടത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനഭൂമിയിലെ കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈ വെട്ടും എന്നായിരുന്നു സിപിഎമ്മിന്റെ ഭീഷണി. കൊച്ചുകോയിക്കലില്‍ തടി പരിശോധിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.