അടിക്കടിയുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് പ്രവാസികളെയും ആഭ്യന്തര വിനോദ സഞ്ചാരികളെയും ബാധിക്കുന്നതായി ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് നിലവില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് ആളുകളെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയുന്നതായും അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ചൂണ്ടിക്കാട്ടി.

ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചും വിസ അനുവദിക്കുന്നതിലെ അമിതമായ കാലതാമസം ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ എയര്‍ലൈനുകളുമായും എംബസികളുമായും ചര്‍ച്ച നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് സമയം ലാഭിക്കാനും കൃത്യസമയത്ത് എത്തിച്ചേരാനും ആളുകള്‍ കൂടുതലായി വിമാന യാത്ര തിരഞ്ഞെടുക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര ടൂറിസം ഉള്‍പ്പെടെയുള്ളവയെ നിരക്ക് വര്‍ധന വലിയ തോതില്‍ ബാധിക്കുന്നുണ്ട്.