ലഡാക്ക്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.

ഇരു സേനകള്‍ക്കുമിടയില്‍ ഉചിതമായ അകലം പാലിക്കണം, സേന പിന്മാറ്റം വേഗത്തില്‍ വേണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. മോസ്‌കോയില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചര്‍ച്ച നടത്തിയത്.

ചൈനയുടെ നടപടികളാണ് പ്രശ്‌നം വഷളാക്കിയതെന്ന് എസ് ജയശങ്കര്‍ വാംഗ് യിയെ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് പറഞ്ഞു. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം ഉണ്ടായിട്ടില്ലെന്ന വാദം ചൈന ആവര്‍ത്തിച്ചു.

സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു.