DELHന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്‍ഹിയില്‍ നടന്ന 15ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് പ്രസിഡന്റ്.

ഇന്ത്യന്‍ മുസ്ലീം സമുദായത്തെ പരിപോഷിപ്പിക്കുന്നതും പരിപാലിക്കുന്നതും ഇന്ത്യ പരിഗണിക്കണമെന്ന് ബരാക് ഒബാമ പറഞ്ഞു. ഇത് ശക്തിപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. 2015ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ താനിക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വന്തം വിശ്വാസത്തെ പരിശീലിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അതിന്റെ ആവശ്യകതയും വര്‍ഗീയ വിഷയങ്ങളിലുണ്ടാവേണ്ട സഹിഷ്ണുതയെ സംബന്ധിച്ചും താന്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞിരുന്നതായും ഒബാമ വ്യക്തമാക്കി. മനുഷ്യ സമ്പത്തിലാണ് നിക്ഷേപങ്ങള്‍ നടക്കേണ്ടതെന്നും. ജനങ്ങളെ പഠിപ്പിക്കുകയും തൊഴില്‍ പരിശീലിപ്പിക്കുകയും ചെയ്യുകയാവണം വികസനത്തിനായുള്ള പ്രഥമ പ്രവര്‍ത്തിയെന്നും ഒബാമ നിര്‍ദേശിച്ചു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി തനിക്കുണ്ടായിരുന്ന അടുത്ത സൗഹൃദവും ഒബാമ പങ്കുവെച്ചു. ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്‍മോഹന്‍ സിങ് ആണെന്ന് അദ്ദേഹം പറഞ്ഞു. 2008ല്‍ ലോകം നേരിട്ട സാമ്പത്തിക തകര്‍ച്ച നേരിടാന്‍ ഞങ്ങള്‍ കൈകോര്‍ത്തിരുന്നെന്നും ഒബാമ പറഞ്ഞു. നേരത്തെ ജി20 ഉച്ചകോടിയിലും ഒബാമ ഡോക്ടര്‍ സിങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ഇന്ത്യക്കും അമേരിക്കക്കും തനിച്ച് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ല. എന്നാല്‍ ഇരു രാജ്യങ്ങളും ഒരുമിച്ചാല്‍ പിന്നെ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്മില്ലെന്നും ഒബാമ പറഞ്ഞു. ബഹുമുഖ മേഖലകളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചാല്‍ സാങ്കേതികവിദ്യയിലും നയതന്ത്രമേഖലയിലുമുണ്ടാവുന്ന പ്രാധാന്യത്തെകുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

സംസാരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഒബാമ പുകഴ്ത്തി. മോദിയെ തനിക്കിഷ്ടമാണ്. ഇന്ത്യയുടെ ഏകതയില്‍ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബരാക് ഒബാമ പറഞ്ഞു. ആഗോള താപനം പ്രതിരോധിക്കല്‍ ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറില്‍ നരേന്ദ്ര മോദിയെടുത്ത നിലപാടിനെയും ഒബാമ പ്രശംസിച്ചു. അതേസമയം കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിലപാടിനെ സംബന്ധിച്ച് ഒബാമ മൗനം പൂണ്ടു. പ്രസ്ഡന്റ്് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വാചാലനായി. ലോകത്തിനായി വരും തലമുറയെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയുണ്ടെന്നും ഒബാമ പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസ് വിട്ട ശേഷം ആദ്യമായാണ് ഒബാമ മോദിയെ കാണുന്നത്.