പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്സിനെതിരെ രാജ്യസഭയില്‍ കടുത്ത വിമര്‍ശനമഴിച്ചു വിട്ട ദിവസമായിരുന്നു ബുധനാഴ്ച. തന്റെ പാര്‍ട്ടി പുതിയ ഇന്ത്യ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട മോദി കോണ്‍ഗ്രസ്സിന് ആവശ്യം പഴയ ഇന്ത്യയാണെന്നും ആരോപിച്ചു. അടിയന്തിരാവസ്ഥയും അഴിമതിക്കഥകളും സൂചിപ്പിച്ചായിരുന്നു ഇങ്ങനെ ആരോപണമുന്നയിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം താന്‍ രൂപപ്പെടുത്തിയതല്ലെന്നും ഗാന്ധിജിയാണത് ആദ്യം ഉപയോഗിച്ചത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് യാതൊരു പ്രയോജനമില്ലെന്ന് പറഞ്ഞതും ഗാന്ധിജിയായിരുന്നു. മോദി ആരോപിച്ചു.

നിങ്ങള്‍ക്കാവശ്യം പുതിയ ഇന്ത്യയെ അല്ല. മറിച്ച് അടിയന്തിരാവസ്ഥയുടെയും അഴിമതിയുടെയും ഇന്ത്യയെയാണാവശ്യം. എന്നാല്‍ ഞങ്ങള്‍ മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് ആവശ്യപ്പെടുന്നതത്. കോണ്‍ഗ്രസ്സിനെ കൊണ്ട് യാതൊരു പ്രയോജനവുമില്ലന്ന് പറഞ്ഞതും അദ്ദേഹമാണ്. ആ ഇന്ത്യയാണ് ഞങ്ങള്‍ക്കാവശ്യം മോദി പറഞ്ഞു.