ഗുവാഹതി: സിക്‌സ് മഴ പെയ്യിച്ച് അതിവേഗ സെഞ്ച്വറി നേടിയ യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി.

ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ചന്ദ്രപോള്‍ ഹെംരാജ് തുടക്കത്തില്‍ തന്നെ മടങ്ങിയെങ്കിലും കീറണ്‍ പവലും (51) ഹോപ്പും (32) വെസ്റ്റ് ഇന്‍ഡീസിനെ പതറാതെ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

പവല്‍ പുറത്തായതിന് പിന്നാലെ സാമുവല്‍സ് വന്നതുപോലെ മടങ്ങിയത് വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയായി. മൂന്നിന് 86 എന്ന നിലയില്‍ പതറിയ വിന്‍ഡീസിനെ അവിടന്നങ്ങോട്ട് ഹെറ്റ്‌മെയര്‍ തോളിലേറ്റുകയായിരുന്നു. 74 പന്തില്‍ ആറ് ബൗണ്ടറിയും ആറ് സിക്‌സറും സഹിതമാണ് ഹെറ്റ്‌മെയര്‍ മൂന്നാം സെഞ്ച്വറി സ്വന്തമാക്കിയത്.

ഇന്ത്യക്കായി ചാഹല്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.