ന്യൂഡല്‍ഹി: ‘ഞങ്ങള്‍ക്ക് ബി.ജെ.പിയുടെ ദേശസ്‌നേഹ പാഠങ്ങള്‍ ആവശ്യമില്ലെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്‌കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇത്തരവിട്ടതിന് പന്നാലെയാണ് നിലപാട് വ്യക്തമാക്കി ബംഗാള്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതുവരെ ഏതുരീതിയിലാണോ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഇത്തവണയും ആ രീതിയില്‍ തന്നെ ആഘോഷിക്കും.’ എന്നും ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മ്മിച്ചെടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ മോഡി സര്‍ക്കാരിന്റെ ഉത്തരവിന് അനുസരിച്ച് ആഗസ്റ്റ് 15 ആഘോഷിക്കേണ്ടെന്ന തീരുമാനത്തോടെ മമതാ സര്‍ക്കാരും സര്‍ക്കുലര്‍ പുറത്തിറക്കി.

സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്വിസ് മത്സരങ്ങളും പ്രസംഗങ്ങളും സംവാദങ്ങളും സംഘടിപ്പിക്കണം എന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയ നിര്‍ദേശം. ഈ ആഘോഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആഗസ്റ്റ് 31ന് മുമ്പായി സര്‍വ ശിക്ഷാ മിഷന്റെ ഓഫീസില്‍ സമര്‍പ്പിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിര്‍ദേശങ്ങളെയാണ് മമതാ ബാനര്‍ജി തള്ളിക്കളഞ്ഞിരിക്കുന്നത്.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണ്. രാഷ്ട്രീയ അജണ്ടയല്ല, ഒരു മതേതര അജണ്ടയാണ് ഉദ്ദേശിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.