ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 274-ല്‍ അവസാനിപ്പിച്ചാണ് സന്ദര്‍ശകര്‍ ബാറ്റിങിനിറങ്ങുന്നത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്‌സിനെ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ന് താറുമാറാക്കിയത്. ഹേസല്‍വുഡ് 67 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 274-ല്‍ അവസാനിച്ചു. ഇന്ത്യയുടെ പോരാട്ടം മുന്നില്‍ നിന്നു നയിച്ച ചേതേശ്വര്‍ പുജാരക്ക് (92) സെഞ്ച്വറി നേടാനായില്ല.

തലേന്നത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷണാണ് ഇന്ത്യക്ക് ഇന്ന് ആദ്യ വിക്കറ്റ് നഷ്ടമായത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെ (52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ ആതിഥേയരുടെ തകര്‍ച്ചയും ആരംഭിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ കരുണ്‍ നായരെ (0) ഗോള്‍ഡന്‍ ഡക്കാക്കി ഹേസല്‍വുഡ് ആഞ്ഞടിച്ചു.

സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച പുജാര മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അതേ ഓവറില്‍ തന്നെ അശ്വിനും (4) കുറ്റിതെറിച്ച് മടങ്ങി. ഹേസല്‍വുഡിനെതിരെ ക്ഷമയില്ലാത്ത ഷോട്ടിന് ശ്രമിച്ച് ഉമേഷ് യാദവും (1) മടങ്ങിയതോടെ ഇന്ത്യ ഒമ്പതിന് 258 എന്ന നിലയിലായി. 20 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്.

അവസാന വിക്കറ്റില്‍ തന്ത്രപൂര്‍വം ബാറ്റ് വീശിയ വൃദ്ധിമന്‍ സാഹയും (20 നോട്ടൗട്ട്) ഇശാന്ത് ശര്‍മയും (6) സന്ദര്‍ശകരുടെ കാത്തിരിപ്പ് നീട്ടി. ബൗളര്‍മാര്‍ക്ക് സഹായം ലഭിച്ച പിച്ചില്‍ ഒരു സിക്‌സറും ബൗണ്ടറിയുമടക്കം മികച്ച പ്രകടനമാണ് സാഹ നടത്തിയത്. ശര്‍മ മികച്ച പിന്തുണ നല്‍കിയെങ്കിലും സ്റ്റീവ് ഒകോഫിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി.

പൂനെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ജയിച്ച ഓസീസിന് ബംഗളുരുവില്‍ കൂടി ജയം കാണാനായാല്‍ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാവും. അതേസമയം, സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്മാരുടെ പ്രകടനം എങ്ങനെയിരിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.