ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉത്തരവിട്ട ഇന്റര്‍മേഷന്‍ കമ്മീഷണര്‍ എം.എസ് ആചാര്യുലുവിനെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംബന്ധിച്ച ചുമതലകളില്‍ നിന്നു നീക്കി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 1978-ലെ ബി.എ ഡിഗ്രി റെക്കോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആചാര്യുലു ഉത്തരവിട്ട് 48 മണിക്കൂറിനുള്ളിലായിരുന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.കെ മാഥുറിന്റെ നടപടി. മറ്റൊരു ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മഞ്ജുള പരാസ്ഹര്‍ ആയിരിക്കും എച്ച്.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുക.

1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം നേടിയെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിസമ്മതിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച രേഖകള്‍ പുറത്തുവിടുന്നത് പൊതുജന താല്‍പര്യത്തില്‍ പെടുന്നതല്ലെന്നാണ് ഇതിന് കാരണം പറഞ്ഞിരുന്നത്.

1978-ലെ ബി.എ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളുടെയും അവരുടെ പിതാക്കളുടെയും പേരുവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നീരജ് എന്നയാള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാനാവില്ലെന്നു വിശദീകരിച്ച് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ നിരസിച്ചു. ഇതേതുടര്‍ന്ന് നീരജ് വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

ജനുവരി ഒമ്പതിനാണ് പരീക്ഷാ രേഖകള്‍ പുറത്തുവിടണമെന്ന് എം.എസ് ആചാര്യുലു ഉത്തരവിട്ടത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ ഇത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷണറെ മാറ്റിയിരിക്കുന്നത്.