ദുബായ്: യു.എ.ഇയ്ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അലി മബ്ഖൗത്ത് യുഎഇയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി.

ദുബായിലെ സബീല്‍ സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ ഒമാനെതിരേ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യയെ ഇറക്കിയത്. പക്ഷേ കോച്ചിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

കളിയുടെ 12-ാം മിനിട്ടില്‍ തന്നെ അലി മബ്ഖൗത്തിലൂടെ യു.എ.ഇ ഇന്ത്യയ്ക്കെതിരേ ലീഡെടുത്തു. പിന്നാലെ 31-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സില്‍ വെച്ച് ഇന്ത്യന്‍ പ്രതിരോധ താരം ആദില്‍ ഖാന്റെ കൈയ്യില്‍ പന്ത് തട്ടി. ഇത് കണ്ട റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അലി ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ യു.എ.ഇ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

രണ്ടാം പകുതിയിലാണ് കളി മാറിമറിഞ്ഞത്. ഇന്ത്യന്‍ പ്രതിരോധനിര താളം തെറ്റിയതോടെ യു.എ.ഇ അതിവേഗമുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 59-ാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് യു.എ.ഇയ്ക്കായി മൂന്നാം ഗോളും ഹാട്രിക്കും നേടി അലി വിജയമുറപ്പിച്ചു. തൊട്ടുപിന്നാലെ 63-ാം മിനിട്ടില്‍ ഖലീല്‍ ഇബ്രാഹിം ടീമിനായി നാലാം ഗോള്‍ നേടി.

ഒത്തിണക്കമില്ലാതെ കളിച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നും 70-ാം മിനിട്ടില്‍ ഫാബിയോ ഡി ലിമ യു.എ.ഇയ്ക്കായി അഞ്ചാം ഗോള്‍ നേടി. 84-ാം മിനിട്ടില്‍ സെബാസ്റ്റിയന്‍ ലൂക്കാസ് യു.എ.ഇയുടെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി.