ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. എട്ടു വിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 26 പന്തില്‍ 36 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത് ബെന്‍സ്‌റ്റോക്‌സും റിയാന്‍ പരാഗും (20 റണ്‍സ്) റണ്‍ ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയെയും തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. പിന്നീടെത്തിയ മനീഷ് പാണ്ഡെയും (48 പന്തില്‍ 83 റണ്‍സ്) വിജയ് ശങ്കറും (51 പന്തില്‍ 52 റണ്‍സ്) ചേര്‍ന്നാണ് ഹൈദരാബാദിനെ വിജയ തീരത്തെത്തിച്ചത്. ഇരുവരെയും പുറത്താക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഹൈദരാബാദിനായി ജേസന്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.