ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. 59 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. 195 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 135 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. 20 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടാസ് നേടി ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു.42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ കൊല്‍ക്കത്തയെ ഓപണര്‍ നിതീഷ് റാണയും അഞ്ചാമനായി ക്രീസിലെത്തിയ വെസ്റ്റിന്ത്യന്‍ താരം സുനില്‍ നരെയ്‌നും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് ടീമിനായി കൂട്ടിച്ചേര്‍ത്തത്.

നിതീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സെടുത്തു. നരെയ്ന്‍ വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് വാരി.ഡല്‍ഹിക്കായി റബാഡ, നോര്‍ക്യെ, സ്‌റ്റോയിനിസ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.