Connect with us

News

ഇസ്രാഈലിനെതിരായ പോരാട്ടത്തില്‍ ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍

ലബനാനില്‍ ഇസ്രാഈല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയ്ക്ക് പിന്തുണ ഉറപ്പുനല്‍കി ഇറാന്‍. ഇസ്രാഈലിനെതിരായ പോരാട്ടത്തില്‍ ഹിസ്ബുല്ല ഒറ്റയ്ക്കാകില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ലബനാനില്‍ ഇസ്രാഈല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം.

പടിഞ്ഞാറന്‍ രാജ്യങ്ങളും അമേരിക്കയുമെല്ലാം പിന്തുണയ്ക്കുകയും സഹായിക്കുകയും പ്രതിരോധമൊരുക്കുകയും ചെയ്യുന്ന രാജ്യത്തിനെതിരായ പോരാട്ടത്തില്‍ ഹിസ്ബുല്ല ഒറ്റയ്ക്കാകരുതെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പെസഷ്‌കിയാന്‍ പറഞ്ഞു. ലബനാനെ മറ്റൊരു ഗസ്സയാക്കാന്‍ അന്താരാഷ്ട്ര സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൂടുതല്‍ ആക്രമണങ്ങളില്‍നിന്ന് ഹിസ്ബുല്ലയെ പിന്തിരിപ്പിക്കാന്‍ ഇറാന്‍ ഇടപെടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു മസൂദ് പെസഷ്‌കിയാന്‍.

ഇസ്രാഈല്‍ യുദ്ധക്കൊതിയുമായി നടക്കുകയാണെന്നാണ് ഇറാന്‍ പ്രസിഡന്റ് ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. യുഎന്‍ വാര്‍ഷിക പൊതുസഭയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ആഗോളതലത്തില്‍ ഒരാള്‍ക്കും അതു ഗുണമാകില്ലെന്ന് മറ്റാരെക്കാളും ഞങ്ങള്‍ക്ക് അറിയാം. ഇവിടെ ഇസ്രാഈലാണ് ആക്രമണം വിപുലമാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇറാന്‍ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇറാന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്താന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രാഈല്‍ ആക്രമണത്തിനു മുന്നില്‍ നിസ്സംഗമായി നില്‍ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ ലബനാന്‍-ഫലസ്തീന്‍ ജനതയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രാഈലിന്റെ ഭ്രാന്തമായ ആക്രമണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യമുയര്‍ത്തുകയും ചെയ്തിട്ടുണ്ട് ഇറാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending