ടെഹ്‌റാന്‍: രാജ്യത്തിന്റെ ആയുധ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആയുധങ്ങളുടെ നിര്‍മാണങ്ങള്‍ക്കും മറ്റുമായി ബജറ്റ് വിഹിതം കൂട്ടാനും ഇറാനിലെ നിയമജ്ഞരുടെ യോഗം തീരുമാനിച്ചു. ആയുധ ബലം കൂട്ടാനായി ബജറ്റില്‍ അഞ്ച് ശതമാനം നീക്കി വയ്ക്കും. ഇതിനുള്ള രൂപരേഖയ്ക്ക് ഇറാനിലെ നയതന്ത്രജ്ഞര്‍ അനുമതി നല്‍കി.
മുന്‍ വര്‍ഷങ്ങളില്‍ രണ്ട് ശതമാനമായിരുന്നു ബജറ്റില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനായി നീക്കി വച്ചിരുന്നത്.

എന്നാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപിന്റെ വരവും ഇറാനെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നു നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ടെഹ്‌റാനില്‍ കഴിഞ്ഞയിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ എതിര്‍ത്തിരുന്നു. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. മറ്റു രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നു ആയുധങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകാനും അധികൃതര്‍ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു ഇന്നലെ നടന്ന യോഗത്തില്‍ 173 നിയമജ്ഞരാണ് ഇറാന്റെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന പഞ്ചവത്സര പദ്ധതിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തത്. ‘ ഇറാന്റെ പ്രതിരോധ ശക്തി സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണം.

പ്രാദേശികമായി രാജ്യം ശക്തിയാര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ദേശീയതയും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിനു നേരെയുള്ള വെല്ലുവിളികള്‍ തടയിടാന്‍ മതിയായ ആയുധങ്ങള്‍ വേണ്ടി വരും’. തുടങ്ങിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആയുധ ശേഷി ഉയര്‍ത്താന്‍ ഇറാന്‍ തീരുമാനിച്ചത്. എന്നാല്‍, പദ്ധതിയെ എതിര്‍ത്ത് 10 നിയമജ്ഞര്‍ വോട്ട് ചെയ്തു. ദീര്‍ഘദൂര മിസൈലുകള്‍, ആയുധം വഹിച്ചുള്ള ഡ്രോണുകള്‍, സൈബര്‍ യുദ്ധം എന്നിവയെ ആണ് ഇവര്‍ എതിര്‍ത്തത്.

ഇറാന്റെ മിസൈല്‍ പദ്ധതികളെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തിരുന്നു. ‘ 1250 മൈലുകള്‍ ഭേദിക്കുന്ന മിസൈലുകള്‍ ലക്ഷ്യം വയ്ക്കുന്നതു ഇസ്രാഈലിനെ മാത്രമല്ല. യൂറോപിനെയും യുഎസിനെയും വിരട്ടുകയാണ് ലക്ഷ്യം. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല’. ട്രംപ് അമേരിക്കന്‍ ഇസ്രാഈല്‍ പൊതുകാര്യ കമ്മിറ്റിയില്‍ വ്യക്തമാക്കി.