മുംബൈ: വെറും പത്ത് റണ്‍സ് വിട്ടുനല്‍കി ശിഖര്‍ ധവാന്‍, യുവരാജ് സിങ്, ഋഷഭ് പന്ഥ് എന്നിവരെ പുറത്താക്കിയ ഇര്‍ഫാന്‍ പഠാന്റെ മികവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര മേഖലക്കെതിരെ പശ്ചിമ മേഖലക്ക് തകര്‍പ്പന്‍ ജയം. 44 പന്ത് ശേഷിക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പാര്‍ത്ഥിവ് പട്ടേല്‍ നയിക്കുന്ന ടീം വിജയത്തിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഉത്തര മേഖലക്ക് ഇര്‍ഫാന്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. മൂന്നാം ഓവറിലെ ആദ്യപന്തില്‍ ധവാനെ (3) കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ച പഠാന്‍ തന്റെ അടുത്ത ഓവറില്‍ പന്ഥിനെയും (2) മടക്കി. ദീപക് ഹൂഡ ക്യാച്ചെടുത്താണ് യുവതാരം മടങ്ങിയത്. ഇര്‍ഫാന്റെ അടുത്ത ഓവറില്‍ യുവരാജ് സിങിനെക്കൂടി ഹൂഡ പിടികൂടിയതോടെ മൂന്നിന് 24 എന്ന നിലയില്‍ ഉത്തര മേഖല തകര്‍ന്നു. വിക്കറ്റുകള്‍ക്കു പുറമെ രണ്ട് ക്യാച്ചെടുത്തും പഠാന്‍ തിളങ്ങി.

ഒരറ്റത്ത് വിക്കറ്റുകള്‍ മുറക്കു വീഴുമ്പോഴും ക്ഷമയോടെ പിടിച്ചു നിന്ന ഗൗതം ഗംഭീര്‍ (60) ആണ് ടീമിന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. ഓപണറായി ഇറങ്ങിയ ഗംഭീര്‍ 19-ാം ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങിയത്. മറുപടി ബാറ്റിങില്‍ ശ്രേയസ് അയ്യരും (30) ക്യാപ്ടന്‍ പാര്‍ത്ഥിവ് പട്ടേലും (56) ഒന്നാം വിക്കറ്റില്‍ ഒമ്പത് ഓവറില്‍ 80 റണ്‍സ് ചേര്‍ത്തു. ഇരുവരും പുറത്തായതിന ശേഷം ആദിത്യ താരെയും (14 നോട്ടൗട്ട്) അങ്കിത് ബാവ്‌നെയും (4 നോട്ടൗട്ട്) ടീമിനെ വിജയതീരമണിയിച്ചു.