മുംബൈ: വിമാനത്തില്‍ വെച്ച് സഹയാത്രികന്റെ ലൈംഗീകാതിക്രമം നേരിടേണ്ടി വന്ന ബോളിവുഡ് നടിയുടെ ദേശവും മതവും ചികഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുപ്പിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം ഇര്‍ഫാന്‍ പത്താന്‍. എയര്‍ലൈനില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായി, എന്നാല്‍ ജനങ്ങള്‍ അവരുടെ ദേശവും മതവും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്. നമ്മുടെ മനോഭാവത്തില്‍ വരുന്ന ഇത്തരം മാറ്റം എന്നെ അല്‍ഭുതപ്പെടുത്തുന്നു. ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രാത്രി ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ വിസ്താര വിമാനത്തില്‍ വെച്ച് നടി പീഡന ശ്രമത്തിനിരയാകുന്നത്. ദംഗല്‍ സിനിമയിലൂടെ ശ്രദ്ധേയായ സൈറ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ മാത്രമാണ് നടിക്ക് ഫോട്ടോയിലൂടെ വെളിപ്പെടുത്താന്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പീഡനശ്രമത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പുറത്തും പ്രതിഷേധമായി പലരും രംഗത്തെത്തിയരുന്നു.

സീറ്റിനു പിന്നിലിരുന്ന വ്യക്തി താന്‍ പാതിയുറക്കത്തിലായിരിക്കുമ്പോള്‍ കാലുകൊണ്ട് ദേഹത്ത് ഉരസി അപമാനിച്ചെന്നായിരുന്നു സൈറയുടെ ആരോപണം. പതിനഞ്ചു മിനിറ്റോളം അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. അയാള്‍ എന്റെ ചുമലില്‍ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കം മൂലം തനിക്കു തോന്നുന്നതാണെന്നാണു കരുതിയത്. പിന്നീടാണ് തന്നെ മനഃപൂര്‍വം അപമാനിക്കുന്നതാണെന്നു മനസിലായത്- സൈറ പറഞ്ഞു. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാന്‍ നാം സ്വയം തീരുമാനിച്ചില്ലെങ്കില്‍ ആരും സഹായത്തിനുണ്ടാകില്ല. സഹായിക്കാന്‍ തയാറാകാതിരുന്ന വിമാനാധികൃതരെയും സൈറ വിമര്‍ശിക്കുകയും ചെയ്തു.