ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന എഫ്.സി ഗോവ – മുംബൈ സിറ്റി ആദ്യപാദ സെമിഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.

മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.

20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസിനെ മന്ദര്‍ റാവു ദേശായ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഇഗോള്‍ അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ മുംബൈ ഒപ്പമെത്തി.

59-ാം മിനിറ്റില്‍ സേവ്യര്‍ ഗാമയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. മിഡ്ഫീല്‍ഡില്‍ ഇടതുവശത്തു നിന്ന് പന്ത് ലഭിച്ച ഗാമ മുംബൈ ഡിഫന്‍ഡര്‍മാരെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോള്‍ വീണ് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ (62) മുര്‍ത്താത ഫാളിലൂടെ മുംബൈ സമനില ഗോള്‍ കണ്ടെത്തി.