ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്‍കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ സ്വാതന്ത്ര്യം നല്‍കുന്ന ബില്‍ നിയമമാകണമെങ്കില്‍ ഇസ്രാഈല്‍ പാര്‍ലമെന്റിന്റെയും സുപ്രീംകോടതിയും അംഗീകാരം ആവശ്യമാണ്.

വെസ്റ്റ്ബാങ്കിലെ അമോനയില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത പാര്‍പ്പിടങ്ങള്‍ പൊളിച്ചുനീക്കാനും കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും ഇസ്രാഈല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ തട്ടിക്കൂട്ടി തിരക്കിട്ട് നിയമമാക്കാന്‍ ശ്രമിക്കുന്നത്. അനോമയില്‍ 40 ജൂത പാര്‍പ്പിടങ്ങളുണ്ട്. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്തും കൃഷി ഭൂമി പിടിച്ചെടുത്തുമാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഇവ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ ഇസ്രാഈല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഭൂമി പിടിച്ചെടുക്കാനും ഇസ്രാഈല്‍ ഭരണകൂടം പലതരം ന്യായങ്ങള്‍ നിരത്തി ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുനീക്കുകയാണ്. അന്താരാഷ്ട്ര ഭരണകൂടത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ മുഖം നല്‍കാന്‍ കൂടിയാണ് ഇസ്രാഈല്‍ ഭരണകൂടം വിവാദ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

af3ad0ba8607597404a25611cffe42b805c9dcf6

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഫലസ്തീനില്‍ നിര്‍മിച്ച പാര്‍പ്പിടങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് ഇസ്രാഈല്‍ കോടതികളുടെ നിലപാട്. അവ പൊളിച്ചുനീക്കണമെന്ന് കോടതികള്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും ഭരണകൂടം അതിന് ചെവികൊടുക്കാറില്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ ഭരണകൂടത്തിന്റെ അനുമതിയോടെയും അല്ലാതെയും നിര്‍മിച്ച എല്ലാ ജൂത പാര്‍പ്പിടങ്ങളും നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ സൈനയുടെ സഹായത്തോടെയാണ് ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികളില്‍നിന്ന് ഭൂമി ബലമായി പിടിച്ചെടുക്കുന്നത്. വിവാദ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അതിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡിന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് വ്യക്തമാക്കി.

അകാരണമായി ഫലസ്തീനികളെ കൊലപ്പെടുത്തിയും കുടിയേറ്റക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമത്തിന് പ്രേരിപ്പിച്ചും ഫലസ്തീനിലെ ജൂത അധിനിവേശത്തിന് ഇസ്രാഈല്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ജൂത പാര്‍പ്പിടങ്ങള്‍ക്ക് അടുത്തുകൂടി വഴിനടക്കുന്ന ഫലസ്തീനികളെ പോലും ഇസ്രാഈല്‍ കൊല്ലുകയാണ്.