ലോകകപ്പ് യോഗ്യത പ്ലേഓഫ് മത്സരത്തില്‍ ഇന്ന് ഇറ്റലിയും സ്വീഡനും മുഖാമുഖം. ഇരുപാദങ്ങളിലായി നടക്കുന്ന പ്ലേഓഫിന്റെ ആദ്യപാദത്തിന് ഇന്ന് സ്വീഡനില്‍ വേദിയാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് മത്സരം.

യുറോപ്പിലെ രണ്ടു ശക്തികളുടെ പ്ലേഓഫ് പോരാട്ടത്തില്‍ ആരു തോറ്റലും അത് റഷ്യന്‍ ലോകകപ്പിന് നഷ്ടമാകും. നാലു ലോകകപ്പ് സ്വന്തമാക്കിയ ഇറ്റലി തോറ്റാല്‍ ആറു പതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിനാവും റഷ്യ വേദിയാവുക. 1958ല്‍ സ്വീഡനില്‍ അരങ്ങേറിയ ലോകകപ്പിലാണ് ഇതിനു മുന്നെ ഇറ്റലിക്ക് യോഗ്യത നേടാനാവത്തത്. കഴിഞ്ഞ അഞ്ചു മത്സരത്തില്‍ സ്വീഡനെതിരെ തോറ്റിട്ടില്ലെന്നത് ഇറ്റലിക്ക് അനുകൂല ഘടകമാണ്. കഴിഞ്ഞ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ യോഗ്യത നേടാനാവാത്ത സ്വീഡന്‍, ഇറ്റലിയെ തോല്‍പ്പിച്ച് ഒരിടവേളക്ക് ശേഷം ലോകകപ്പില്‍ സാന്നിദ്ധ്യം അറിക്കാനുള്ള പ്രതീക്ഷയിലാണ്. കഴിഞ്ഞ ലോകകപ്പില്‍ പ്ലേഓഫില്‍ പോര്‍ച്ചുഗലിനോട് തോറ്റാണ് സ്വീഡന്‍ പുറത്തായത്.

സ്പാനിഷ് ലാലീഗില്‍ ഗോള്‍ വേട്ട തുടരുന്ന വലന്‍സിയുടെ സിമോണി സാസയും സതാംപ്ടണിന്റെ മാനോളോ ഗാബിദാനിയും ലാസിയോയുടെ ഇംമൊബൈലും അടങ്ങുന്ന ഇറ്റലിയുടെ മുന്‍നിരയും മാഞ്ചസ്റ്റര്‍ യുണെറ്റിഡിന്റെ താരം വിക്ടര്‍ ലിന്‍ഡ്രാഫും ജോഹാന്‍ ലാര്‍സനും നയിക്കുന്ന സ്വീഡന്റെ പ്രതിരോധം തമ്മിലുള്ള പോരാട്ടം കൂടിയാവും ഇന്നത്തേത്. യുറോപ്പിലെ മറ്റു പ്ലേഓഫില്‍ ക്രോയേഷ്യ ഗ്രീസിനേയും. നോര്‍ത്തേണ്‍ അയര്‍ലാന്റ്- സ്വിസര്‍ലാന്റിനേയും നേരിടും