തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.