കോഴിക്കോട്: ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് റാലി ഇന്നു കോഴിക്കോട്ട്. ഉച്ചക്ക് മൂന്നു മണിക്ക് മുതലക്കുളത്തു നിന്ന് ആരംഭിക്കുന്ന റാലി ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സമ്മേളനത്തോടെ സമാപിക്കും. ദളിത് ന്യൂനപക്ഷ മുസ്്ലിം പീഡനത്തിനെതിരെ മുസ്്ലിം ലീഗ് ദേശീയ തലത്തില്‍ ആരംഭിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. മുതലക്കുളത്തു നിന്ന് ആരംഭിക്കുന്ന റാലി സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴിയാണ് മറൈന്‍ ബീച്ച് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുക.
ഫാസിസ്റ്റ് കൊലക്കത്തിക്ക് ഇരയായ ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ ദേശീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പൊതു സമ്മേളനം മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അദ്ധ്യക്ഷത വഹിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം..പി, ദേശീയ സെക്രട്ടറിമാരായ എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ.എം.കെ മുനീര്‍, കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം ജുനൈദ്, സുഹൃത്ത് അസ്്ഹറുദ്ദീന്‍, ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ സംസാരിക്കും.

വാഹനനങ്ങള്‍ക്ക് ക്രമീകരണം
കോഴിക്കോട്: മുസ്്ലിംലീഗ് ദേശീയ റാലിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരേയും വഹിച്ച് ഇന്ന് കോഴിക്കോട്ടെത്തുന്ന വാഹനങ്ങള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. തെക്ക് ഭാഗത്ത് (രാമനാട്ടുകര) നിന്ന് വരുന്ന വാഹനങ്ങള്‍ പുഷ്പ ജംഗ്ഷനില്‍ ആളുകളെ ഇറക്കി കോതി ബീച്ച് ഭാഗത്തായി പാര്‍ക്ക് ചെയ്യണം. പ്രവര്‍ത്തകര്‍ കാല്‍നടയായി മുതലക്കുളം മൈതാനിയില്‍ എത്തണം. വടക്ക് ഭാഗത്ത് (വടകര, പേരാമ്പ്ര, കുന്ദമംഗലം) നിന്ന് വരുന്ന വാഹനങ്ങള്‍ വയനാട് റോഡിലൂടെ ക്രിസ്ത്യന്‍ കോളജിന് സമീപം ആളുകളെ ഇറക്കി ബീച്ചില്‍ ലയണ്‍സ് പാര്‍ക്ക് മുതല്‍ വടക്ക് ഭാഗത്തായി പാര്‍ക്ക് ചെയ്യണം. വയനാട് റോഡ് വഴിയും തൊണ്ടയാട് വഴിയും വരുന്ന വാഹനങ്ങള്‍ സ്റ്റേഡിയം കോര്‍ണറില്‍ ആളെ ഇറക്കി മിനി ബൈപ്പാസില്‍ സരോവരം പരിസരത്ത് വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരെയും വഹിച്ച് കൊണ്ടുള്ള വാഹനങ്ങള്‍ മുതലക്കുളം പരിസരത്തേക്ക് പ്രവേശിക്കരുത്.