കോഴിക്കോട്: സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി മാറിയ ചക്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന ചക്ക മഹോത്സവം ആവേശമായി. തേന്‍വരിക്കയും പഴഞ്ചക്കയും കാട്ടുചക്കയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. വയനാട്ടില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമാണ് വിവിധയിനം ചക്കകള്‍ എത്തിച്ചത്. ജില്ലാ കലക്ടര്‍ യു.വി ജോസ് ചക്ക മുറിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ചക്കകൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിന് പൊലിമ പകര്‍ന്നു. ചക്കപുഴുക്ക്, ചക്കപ്പായസം, ചക്കകസട്ടെ, ചക്കനുറുക്ക്, ചക്കമിക്‌സ്ചര്‍, ചക്കപുട്ടുപൊടി, അച്ചാര്‍ എന്നിവ ഒരുക്കിയിരുന്നു. ചക്ക ഉപയോഗിച്ചുള്ള ഐസ്‌ക്രീം, ജാം, സാന്റ വിച്ച് എന്നിവയും മഹോത്സവത്തിന് എത്തിയവര്‍ക്ക് പ്രിയവിഭവങ്ങളായി മാറി. പ്രദര്‍ശനവും വില്‍പനയും നാളെ സമാപിക്കും.