തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. മറ്റൊന്നുംതന്നെ കത്തില്‍ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് സ്വീകരിച്ചോ എന്നതില്‍ വ്യക്തത പുറത്തു വന്നിട്ടില്ല.
കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ‘തത്ത’ പരാമര്‍ശത്തോടെ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു. കൂട്ടിലെ തത്തയും ഇപ്പോള്‍ അഴിമതിയില്‍ കുടുങ്ങിയിരിക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടറെ ഉദ്ദേശിച്ച് പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആരോപണമാണ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് കാരണം. ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും പഴയ ഏടുകള്‍ പൊടിതട്ടി എടുക്കുകയാണെന്നും ഇന്നലെ ജേക്കബ് തോമസ് ഇതിനു മറുപടി നല്കിയത്.
Be the first to write a comment.