ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്‍ ഒരു സംഘം അക്രമികള്‍ തീ കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഖാലിദ്.

പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്‍ സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി പറയുന്നത്.

മഹാരാജ്പൂര്‍ ഗ്രാമത്തിലേക്ക് പോയപ്പോള്‍ നാല് പേര്‍ തടഞ്ഞു നിര്‍ത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നല്‍കിയ മൊഴി. അത് അനുസരിക്കാതിരുന്നപ്പോള്‍ മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ആദ്യം നല്‍കിയ മൊഴിയിലുണ്ട്.