കോട്ടയം: കെവിന്‍ വധക്കേസില്‍ ഓഗസ്റ്റ് 14 ന് കോടതി വിധി പറയും. മൂന്നുമാസം കൊണ്ട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ബി ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുക.

കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് ഉള്ളത്. ഏപ്രില്‍ മാസം 26 നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 113 സാക്ഷികളെ വിസ്തരിച്ച കോടതി 213 രേഖകളും പരിശോധിച്ചിരുന്നു. നാലു സാക്ഷികള്‍ മാത്രമാണ് പ്രതിഭാഗത്തേക്ക് കൂറുമാറിയത്.

കെവിനും നീനുവും പ്രണയവിവാഹിതരായതില്‍ കുപിതരായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കൂട്ടുപ്രതികളും ചേര്‍ന്ന് കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് 28 ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. 2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്.