ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എക്‌സിറ്റ് പോള്‍ നിരോധിച്ചു കൊണ്ട് ഉത്തരവ്. ജമ്മു കശ്മീര്‍ ഡിസ്ട്രിക്ടട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച അവസാനിച്ചിരുന്നു. 280 മണ്ഡലങ്ങളില്‍ 43 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ് ഉച്ചക്ക് രണ്ടോടെ അവസാനിച്ചിരുന്നു.

‘എക്‌സിറ്റ് പോള്‍ നടത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 19 ഉച്ചയ്ക്ക് 2 വരെ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ ഇവ പ്രസിദ്ധീകരിക്കരുത്’ ലംഘിക്കുന്നവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പഞ്ചായത്തിരാജ് ആക്ട് 1989 ലെ സെക്ഷന്‍ 36 പ്രകാരം നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നറിയിപ്പ് നല്‍കി.

എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22ന് വോട്ടെണ്ണും. ശനിയാഴ്ച 43 നിയോജകമണ്ഡലങ്ങളിലാണ് (കശ്മീരില്‍ 25, ജമ്മുവില്‍ 18) വോട്ടെടുപ്പ് നടന്നത്. അര്‍ബര്‍ ലോക്കല്‍ ബോഡികളിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.