ജംഷഡ്പുര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ 17 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൊവ്വാഴ്ച ജംഷഡ്പുരിലെ ബഗ്‌ബേരയില്‍വച്ച് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും തോക്ക് ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇരുവരെയും അക്രമി സംഘം കലിയാദി ഗോശാലയിലേക്കാണു കൊണ്ടുപോയത്. യുവാവിനെ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. ശങ്കര്‍ ടിയു, റോഷന്‍ കുജുര്‍, സുരാജ് പാത്രോ, സണ്ണി സോറന്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

പ്രതികളില്‍നിന്നു തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങുംവഴി ചിലര്‍ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതു ശരിയല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.