കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റിലെ തിരിച്ചറിയില്‍ രേഖ ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പുതിയ കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും പ്രതിചേര്‍ത്തേക്കും.

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ നിലവില്‍ കസ്റ്റംസ് ജയിലില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നുണ്ട്.

ലൈഫ് മിഷന്‍ ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. അതില്‍ നിന്നാണോ വിദേശത്തേക്ക് സ്വപ്ന ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് പരിശോധിച്ചുവരുന്നത്.