ന്യൂഡല്‍ഹി: കൊടുംതണുപ്പിലും റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലഡാക്കിലെ സൈനികരും. സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തില്‍, മൈനസ് 25 ഡിഗ്രി താപനിലയിലുള്ള ലഡാക്കില്‍ നിന്നുള്ള ഐടിബിപി സൈനികരുടെ റിപ്പബ്ലിക് ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ലഡാക്കിലെ രാജ്യസുരക്ഷയ്ക്കായി നിയോഗിച്ച സൈനികര്‍ കനത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ചാണ് ജോലിചെയ്യുന്നത്. ദേശീയ പതാകയേന്തി ഭാരത് മാതാ കീ ജയ് വിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സൈനിക വേഷത്തില്‍ പതാകയേന്തി നില്‍ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം 17സൈനികരെ സര്‍ക്കാര്‍ പൊലീസ് സര്‍വ്വീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു.