കല്‍പ്പറ്റ: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്ത്. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനം നടന്നത്. എന്നിട്ട് താന്‍ അറിഞ്ഞില്ലെന്ന് പറയുന്നത് കബളിപ്പിക്കലാണ്. ബന്ധുനിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ ആവശ്യപ്പെട്ടു.

ബന്ധുനിയമനം പാര്‍ട്ടിക്കാര്യമല്ലെന്ന് സുധീരനും പറഞ്ഞു. സര്‍ക്കാര്‍ നടപടി ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ജനം അനുവദിക്കില്ലെന്നും എത്രയും വേഗം ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.