ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് വിപണി കീഴടക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ജിയോ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ പിടിച്ചടക്കിയെന്ന്് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനം റിലയന്‍സ് ജിയോ പിടിച്ചടക്കിയെന്നാണ് ട്രായിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മൊത്തം എണ്ണം 3.4 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം 74.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഇതിലെ 52.3 ശതമാനവുമാണ് ജിയോ കൈയടക്കിയിരിക്കുന്നത്.

ഭാരതി എയര്‍ടെലിന് 23.6 ശതമാനം വിഹിതവും വോഡഫോണ്‍ ഐഡിയക്ക് 18.7 ശതമാനവും മാത്രമാണ് വിപണി കീഴടക്കാനായത്. ഈ രണ്ടു കമ്പനികള്‍ തന്നെയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

മൊത്തം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 97 ശതമാനവും വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരാണെന്നും കണക്കുകള്‍ പറയുന്നു (72.07 കോടി പേര്‍). വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2.24 കോടിയുമാണ്. അതേസമയം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2019 ഡിസംബര്‍ അവസാനത്തില്‍ 66.19 കോടിയില്‍ നിന്ന് 3.85 ശതമാനം വര്‍ധിച്ച് 2020 മാര്‍ച്ച് അവസാനത്തോടെ 68.74 കോടിയായി ഉയര്‍ന്നു എന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൊത്തം ഇന്റര്‍നെറ്റ് വരിക്കാരില്‍ 96.90 ശതമാനം പേരും മൊബൈല്‍ ഉപകരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനത്തിനായി ഉപയോഗിക്കുന്നത്. മാര്‍ച്ച് 20 അവസാനത്തോടെ വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാര്‍ മൊത്തം ഇന്റര്‍നെറ്റ് വരിക്കാരില്‍ 3.02 ശതമാനം മാത്രമാണെന്നും ട്രായ് പറഞ്ഞു.

മൊത്തം 22.42 ദശലക്ഷം വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരില്‍ ബിഎസ്എന്‍എല്ലാണ് ഏറ്റവും കൂടുതല്‍. 50.3 ശതമാനം വിപണി വിഹിതത്തോടെ 11.27 ദശലക്ഷം വരിക്കാരുണ്ട്. മൊത്തം 22.42 ദശലക്ഷം വയര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരിലാണ് ഈ 50 ശതമാനം ബിഎസ്എന്‍എല്‍ കൈയടക്കിയിരിക്കുന്നത്. ഭാരതി എയര്‍ടെല്ലിന് 2.47 ദശലക്ഷം വരിക്കാരാണുള്ളത്. വയര്‍ലെസ് ഇന്റര്‍നെറ്റ് വിഭാഗത്തില്‍ റിലയന്‍സ് ജിയോയ്ക്ക് 53.76 ശതമാനം വിപണി വിഹിതമുണ്ട്. മാര്‍ച്ച് 20 ന് അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ (24 ശതമാനം) വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരാണ്.

ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷനുകളുടെ (വയര്‍, വയര്‍ലെസ്) ഏറ്റവും മികച്ച അഞ്ച് സേവന മേഖലകളാണ് മഹാരാഷ്ട്ര (63.01 ദശലക്ഷം), ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ തെലങ്കാന (58.65 ദശലക്ഷം), യുപി (കിഴക്ക്) (54.60 ദശലക്ഷം), ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട് (51.64 ദശലക്ഷം), മധ്യപ്രദേശ് ഛത്തീസ്ഗഡ് (48.72 ദശലക്ഷം).