മുംബൈ: പുതിയ വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി എയര്‍ടെല്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ 36.74 ലക്ഷം വയര്‍ലെസ് വരിക്കാരെ ചേര്‍ത്തു. എന്നാല്‍ റിലയന്‍സ് ജിയോയ്ക്ക് 22 ലക്ഷം പേരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 26.56 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

തുടര്‍ച്ചയായ മൂന്നാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ കാര്യത്തില്‍, ജിയോയുടേത് 40.63 കോടിയും എയര്‍ടെലിന്റേത് 16.75 കോടിയും വോഡഫോണ്‍ ഐഡിയയുടേത് 12.04 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡേറ്റ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കമ്പനി 0.65 ദശലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരെ ചേര്‍ത്തു. ബിഎസ്എന്‍എല്‍ 1.09 ദശലക്ഷം ഉപയോക്താക്കളെയും ചേര്‍ത്തു.

ജിയോ ഒരു പ്യുവര്‍-പ്ലേ 4ജി ഓപ്പറേറ്ററാണ്. എന്നാല്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, എയര്‍ടെല്‍ മിക്ക സര്‍ക്കിളുകളിലും 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങളില്‍ രാജ്യത്തൊട്ടാകെ കമ്പനി 3ജി സേവനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ മൊത്തം വരിക്കാര്‍ 40.63 കോടിയാണ്. തൊട്ടുപിന്നില്‍ 33.02 കോടി ഉപഭോക്താക്കളുള്ള ഭാരതി എയര്‍ടെലുമുണ്ട്. വോഡഫോണ്‍ ഐഡിയ 29.28 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.