റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് സൗദി താല്‍കാലികമായി നിര്‍ത്തിവെച്ചു. ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുന്‍കരുതലായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.

ഈയാഴ്ച ഉംറക്ക് വരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിദേശത്തുനിന്നെത്തിയ 300ഓളം ഉംറ തീര്‍ഥാടകര്‍ മക്കയിലുണ്ട്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതോടെയാണ് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിലവില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ വിലക്ക് നീട്ടുമെന്നും സൗദി അധികൃതര്‍ അറിയിച്ചിരുന്നു.