രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ മൂന്നാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചര്‍ച്ച ചെയ്യുന്നത്. കൊറോണവൈറസ് മഹാമാരി വന്നിട്ടും ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ജിയോ മാത്രം രക്ഷപ്പെട്ടു. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭത്തിന്റെ ലാഭം കുത്തനെ ഉയര്‍ന്നത് ശ്രദ്ധേയമാണ്.

2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 22 ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി. ഇത് ആദ്യമായാണ് ജിയോ ഇത്രയും ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കാലയളവില്‍ 22,858 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ജിയോയുടെ 7.73 ശതമാനം ഓഹരിക്കായി ഗൂഗിള്‍ നല്‍കുന്ന 33,737 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച കാര്യങ്ങളിലും ഡിസംബര്‍ പാദത്തില്‍ തീര്‍പ്പായെന്നും പറയുന്നു.

തങ്ങള്‍ക്ക് 1,52,056 കോടി രൂപയുടെ മൊത്തം നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നാണ് ജിയോ പറയുന്നത്. കമ്പനിക്കെതിരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങളെയും കോവിഡിന്റെ ആഘാതത്തെയും മറികടന്നാണ് ഡിസംബര്‍ പാദത്തിലും കമ്പനി മികച്ച ലാഭമുണ്ടാക്കിയതെന്നും കമ്പനി പറയുന്നു. ഒരു ഉപയോക്താവില്‍ നിന്നു ലഭിക്കുന്ന വരുമാനം 151 രൂപയാണെന്നും കമ്പനി വെളിപ്പെടുത്തി.

മൂന്നാദം പാദത്തില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 151 രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 145 രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ 52 ലക്ഷം ഉപഭോക്താക്കളാണ് ജിയോയുടെ സേവനം സ്വീകരിച്ചത്.