കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യാണ് പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. മാനഭംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് ജീവപര്യന്തം 10 വര്‍ഷം, ഏഴു വര്‍ഷംഎന്നിങ്ങനെ കഠിന തടവും 5 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.
ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൊലക്കേസിന് സമാനമാണ് ജിഷ കൊലക്കേസ് എന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കേസാണിതെന്നും കോടതി വിധിന്യായത്തില്‍ എടുത്തു പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് അനുസരിച്ച് കൊലപാതകത്തിനാണ് വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പു അനുസരിച്ച് മാനഭംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും, 376 (എ) വകുപ്പ് പ്രകാരം മരണത്തിന് കാരണമായ പീഡന കുറ്റത്തിന് 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 342 അന്യായമായി തടഞ്ഞു വെക്കല്‍ ഏഴു വര്‍ഷം കഠിന തടവും 449-ാം വകുപ്പ് ഭവനത്തില്‍ അതിക്രമിച്ച് കയറലിന് ഒരു വര്‍ഷം തടവും 1000രൂപ പിഴയും കോടതി വിധിച്ചു.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീര്‍ വട്ടോളിപ്പടി പെരിയാര്‍ കനാല്‍ ബണ്ട് പുറമ്പോക്കില്‍ കുടിലില്‍ അമ്മയോടൊപ്പം താമസിക്കുന്ന എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി ജിഷയെ ഒറ്റക്കായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
19 മാസത്തെ വിസ്താരത്തിനും മറ്റ് കോടതി നടപടികള്‍ക്കും ശേഷമാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും ജിഷയുടെ മാതാവ് രാജേശ്വരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.