തൃശൂര്‍: പാമ്പാടി കോളേജിലെ പി.ആര്‍.ഒയുടെ മുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേത് തന്നെയെന്ന് കണ്ടെത്തി. കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തവും ഒ-പോസിറ്റീവ് ആണ്. എന്നാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. അതിനായി മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനയും നടത്തും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടന്നത്. ജിഷ്ണുവിന് മര്‍ദ്ദനമേറ്റുവെന്ന് പറയുന്ന പി.ആര്‍.ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും ശേഖരിച്ച രക്തമാണ് ജിഷ്ണുവിന്റേതാണെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ എടുക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആസ്പത്രിയില്‍ വെച്ച് ഡി.എന്‍.എ പരിശോധന നടക്കും. ജിഷ്ണുവിന്റെ മരണം കൊലപാതകമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഇത് ജിഷ്ണുവിന്റെ രക്തക്കറയാണെന്ന് തെളിഞ്ഞാല്‍ കൊലപാതകത്തിന് സാധ്യതകളേറും. ഇത് അന്വേഷണത്തിനും വഴിത്തിരിവാകും.