വാഷിങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റതിനു പിന്നാലെ നിരവധി ഉത്തരവുകള്‍ ഒപ്പുവച്ചു. ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തുന്ന നടപടികളിലേക്കും കടന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ തീരുമാനം തിരുത്തി, 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി, ലോകാരോഗ്യസംഘടനയുമായുള്ള സഹകരണം പുനരാരംഭിക്കും, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് വേഗത്തിലാക്കും, യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം നിര്‍ത്തിവെച്ചു, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം എന്നിവയടക്കം 17 ഉത്തരവുകളിലാണ് ജോ ബൈഡന്‍ ആദ്യ ദിനം തന്നെ ഒപ്പുവെച്ചത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങള്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി 2017ല്‍ മുന്‍ പ്രസിഡന്റ് ട്രംപാണ് വിവാദ ഉത്തരവിറക്കിയത്. ഈ ഉത്തരവ് ബൈഡന്‍ നീക്കം ചെയ്യുകയായിരുന്നു. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതില്‍നിര്‍മാണത്തിന്റെ ഫണ്ട് മരവിപ്പിക്കല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോണ്‍ എക്‌സ്എല്‍ പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റ് ഉത്തരവുകള്‍.

വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.