വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക് ചെറുകഥയും സിനിമയുമായ ‘നീലവെളിച്ചം’ വീണ്ടും സിനിമയാകുന്നു. ആഷിഖ് അബു സംവിധായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും. ഔദ്യോഗിത ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ ആഷിഖ് അബു തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്.

2021 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിക്ക് അബു കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. സന്തോഷ് ടി. കുരുവിളയാണ് നീലവെളിച്ചം നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതസംവിധാനവും പാശ്ചാത്തല സംഗീതവും ബിജിബാലും, റെക്‌സ് വിജയനും ചേർന്ന് ഒരുക്കും. എഡിറ്റിംഗ്: സൈജു ശ്രീധരൻ.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ലാണ് ഭാർഗവീ നിലയം എന്ന പേരിൽ സിനിമ പിറവിെടുക്കുന്നത്. എ. വിൻസന്റ് ആയിരുന്നു സംവിധാനം. പ്രേംനസീർ, മധു, വിജയ നിർമ്മല എന്നിവരായിരുന്നു പ്രധആന താരങ്ങൾ. ടി.കെ പരീക്കുട്ടി നിർമ്മിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

ആഷിഖ് അബുവിന്റെ ഫേസ് ബുക്ക് പേജിന്റെ പൂർണ രൂപം
‘സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി’,