ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എം.ഒ.പി)ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ജഡ്ജിമാരുടെ നിയമനത്തില്‍ ആരുടെ വാക്കാണ് അന്തിമം എന്നതിനെ ചൊല്ലിയുള്ള സര്‍ക്കാര്‍ ജുഡീഷ്യറി ഭിന്നതക്കാണ് പതിനാല് മാസങ്ങള്‍ക്ക് ശേഷം തീരുമാനമായിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ തീരുമാനപ്രകാരം കോളീജിയത്തിലെ അഞ്ചു ജഡ്ജിമാര്‍ ചര്‍ച്ച ചെയ്ത് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കി 2017 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന് അയച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അവസാന ശബ്ദം തങ്ങളുടേതായിരിക്കണമെന്ന നിലപാടില്‍ ജുഡീഷ്യറി ഉറച്ചുനിന്നിരുന്നു. ഇതുസംബന്ധിച്ച നിലപാട് പുനപ്പരിശോധിക്കണമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അധ്യക്ഷനായ കൊളീജിയം തള്ളുകയായിരുന്നു. ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരുടെ നിയമനാധികാരത്തെ സ്വാധീനിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവസാനശ്രമത്തെ അഞ്ചംഗകൊളീജിയം യോഗം ഏകകണ്ഠമായാണ് തള്ളിയിരുന്നത്.
ജഡ്ജിമാരെ നിയമിക്കുന്നതിന് അധികാരമുള്ള കൊളീജിയം സംവിധാനം രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖയുടെ (എം.ഒ.പി) കരട് കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രസര്‍ക്കാരിന് അയച്ചത്. കരടില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരടില്‍ യാതൊരുമാറ്റവും വരുത്തേണ്ടെന്നാണ് കൊളീജിയം തീരുമാനിച്ചത്. ഇക്കാര്യം സുപ്രിംകോടതി സെക്രട്ടറി ജനറല്‍ മുഖേന കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയസുരക്ഷ മുന്‍നിര്‍ത്തി നിയമിക്കാനുദ്ദേശിക്കുന്ന ജഡ്ജിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും ‘ദേശസുരക്ഷ’ ഒഴിച്ചുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ പേര് കൂട്ടിച്ചേര്‍ക്കാന്‍ കൊളീജിയത്തിന് അധികാരമുണ്ടെന്ന വകുപ്പ് ചേര്‍ത്താണ് കരട് തയാറാക്കിയത്. അന്തിമ തീരുമാനം കേന്ദ്രം അംഗീകരിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.