ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ആര്‍എസ്എസ് സമ്മേളനത്തില്‍ പ്രാസംഗികനായി ക്ഷണം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജൂണ്‍ ഏഴിനു നടക്കുന്ന പരിപാടിയിലാണ് പ്രണബ് പങ്കെടുക്കുക. മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, പ്രണബ് മുഖര്‍ജിയുടെ ഓഫീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. 600 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മൂന്നാമത് സംഘ ശിക്ഷാവര്‍ഗ എന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുക. നാഗപൂരിലെ ഹെഡ് ക്വാട്ടേഴ്‌സില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ അദ്ദേഹത്തിന് ക്ഷണപത്രം നല്‍കിയിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു.
പ്രണബ് മുഖര്‍ജി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് രാജീവ് ഗാന്ധിയ്‌ക്കൊപ്പവും തുടര്‍ന്ന് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ധനകാര്യ വകുപ്പും കൈകാര്യം ചെയ്തിരുന്നു.