ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്.

ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാലു പേരുടെയും വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാന പ്രതിയുടെ പേര് മാത്രം വെളിപ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. നിയമപരമായ തടസ്സമുള്ളതു കൊണ്ടാണ് പേര് പുറത്തുവിടാത്തതെന്നാണ് ഫരീദാബാദ് പൊലീസിന്റെ ഭാഷ്യം.

train-lynching-incident_650x400_71498224167
പെരുന്നാളിന് രണ്ടു ദിവസം മുമ്പ് ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രയിനില്‍ വെച്ച് സഹയാത്രികര്‍ ക്രൂരമായി ആക്രമിച്ച് ജുനൈദിനെ കൊലപ്പെടുത്തിയത്. ബീഫ് തീനികളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.

സംഭവത്തില്‍ തെളിവു നല്‍കാന്‍ ആരും തയാറാകാതിരുന്ന സാഹചര്യത്തില്‍ ജുനൈദിന്റെ സഹോദരന്‍ ഹസീബിന്റെയും മറ്റു രണ്ട് ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹരിയാന പൊലീസ് കേസന്വേഷണം നടത്തുന്നത്.