തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.
ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന്‍ തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയും ശ്രദ്ധേയനാണ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി സമരമുഖത്ത് നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം. ഹര്‍ത്താലിനെതിരെ അദ്ദേഹം നടത്തിയ ഒറ്റയാള്‍ സമരം ശ്രദ്ധേയമാണ്. 1921 ജൂലൈ 31ന് കെ.ടി ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായാണ് ജനനം. അവിവാഹിതനായ അദ്ദേഹം സഹോദര പുത്രന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പമായിരുന്നു താമസം.