മുംബൈ: മുംബൈയിലെ ഘട്ക്പൂരില്‍ കഴിഞ്ഞ ദിവസം നാലുനില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ ശിവസേന നേതാവ് സുനില്‍ ഷിതാപിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഹോമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അനുമതി തേടാതെയാണ് നേഴ്‌സിങ് ഹോമിന്റെ നവീകരണ പ്രവൃത്തി നടത്തിയത്. കുറ്റകരമായ അനാസ്ഥ, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് സുനിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പിഞ്ചുകുഞ്ഞടക്കം 17 പേര്‍ മരിച്ചിരുന്നു. 28 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി. ഏഴു പേര്‍ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 12 കുടുംബങ്ങള്‍ താമസിച്ചിരുന്നു.