കണ്ണൂര്‍: പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനഹിതമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് സംശയിക്കുന്നതായും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മോന്‍സനെ അറിയാം. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലക്ക് ചികില്‍സക്കാണ് പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ ഉണ്ട്. അന്ന് മോന്‍സനെ കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. മറ്റ് ഒരു കാര്യത്തിലും പങ്കില്ല. പണമിടപാടിനെക്കുറിച്ച് ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ദുരൂഹമാണ്. ഇത് കെട്ടിചമച്ച കഥയാണ്. തന്നെ മനപൂര്‍വ്വം കുടുക്കാനാണ് ശ്രമം. തന്നെ കുടുക്കാന്‍ ചില കറുത്തശക്തികള്‍, മുഖ്യമന്ത്രിയും ഓഫിസുമെന്നാണ് സംശയിക്കുന്നത്. പരാതിയില്‍ പറയുന്നതുപോലെ 2018ല്‍ താന്‍ എംപിയല്ല, ഒരു കമ്മിറ്റിയിലും അംഗമായിട്ടുമില്ല. ആരോപിക്കപ്പെട്ട തീയതിയില്‍ എം.ഐ.ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തത്-സുധാകരന്‍ വ്യക്തമാക്കി.