തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി കള്ളന് കഞ്ഞിവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ജലീല്‍ പല തട്ടിപ്പുകളും നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ബന്ധു നിയമന ആരോപണം വന്നപ്പോള്‍ തന്നെ ഇ.പി ജയരാജനെ രാജിവെപ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടത്തിയ കെടി ജലീലിനെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇപി ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. ഇന്നലെ രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധം സംഘര്‍ഷഭരിതമായി. പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം സംഭവത്തില്‍ ഇതുവരെ മന്ത്രി ജലീലിന്റെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടില്‍ അദ്ദേഹം ഉണ്ടൈങ്കിലും മാധ്യമങ്ങളെ കണ്ടിട്ടില്ല. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഔദ്യോഗിക വാഹനവും വീട്ടിലില്ല.