ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നും കര്‍ണാടകയിലെത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവില്‍ നിഷ്‌ക്കര്‍ഷിക്കുന്നു. കോളജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാനും സര്‍ട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവര്‍ സ്വന്തം ചിലവില്‍ കോവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.