മുംബൈ: ഗോസിപ്പുകള്‍ക്കൊടുവില്‍ സ്വന്തം വിവാഹ വാര്‍ത്ത പുറത്തുവിട്ട് നടി കാജല്‍ അഗര്‍വാള്‍. വ്യവസായി ഗൗതം കിച്ച്‌ലുവാണ് ഭര്‍ത്താവ്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ നടി അറിയിച്ചു.

‘ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ച് ഗൗതം കിച്ച്‌ലുവിനെ വിവാഹം ചെയ്യുന്നു എന്നറിയിക്കുന്നതില്‍ അത്യധികം ആഹ്ലാദം. സ്വന്തം കുടുംബാംഗങ്ങള്‍ മാത്രമുള്ള ചെറിയ ചടങ്ങായിരിക്കും. നമ്മുടെ ആഹ്ലാദങ്ങള്‍ക്കു മേല്‍ മഹാമാരി നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നിച്ചു ജീവിതം മുമ്പോട്ടു പോകാനുള്ള തില്ലിലാണ് ഞാന്‍. നിങ്ങള്‍ വര്‍ഷങ്ങളായി കാണിച്ച സ്‌നേഹത്തിന് നന്ദി. ഈ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം. നിങ്ങളുടെ കലവറയില്ലാത്ത പിന്തുണയ്ക്ക് നന്ദി’ – കാജല്‍ കുറിച്ചു.

https://www.instagram.com/p/CF_boUwHquE/?utm_source=ig_web_copy_link

ഇ കൊമേഴ്‌സ് സംരംഭമായ ഡിസേണ്‍ ലിവിങിന്റെ ഉടമസ്ഥനാണ് ഗൗതം കിച്ച്‌ലു. തെന്നിന്ത്യയില്‍ താരമൂല്യമുള്ള നടിയായ കാജല്‍ അഗര്‍വാള്‍ സിംഗം, മഗധീര, തുപ്പാക്കി, ജില്ല, പാരിസ് പാരിസ്, ടെംബര്‍, മിസ്റ്റര്‍ പെര്‍ഫക്ട്, മെര്‍സല്‍, മാരി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നിലവില്‍ നിരവധി പ്രൊജക്ടുകളുടെ ഭാഗമാണ് കാജല്‍. കമല്‍ ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ ടുവില്‍ രകുല്‍പ്രീത് സിങിനൊപ്പം മുഖ്യവേഷത്തില്‍ എത്തുന്നുണ്ട് ഇവര്‍. ഹെ സിനാമിക എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഇവര്‍ അഭിനയിക്കുന്നുണ്ട്. ചിരഞ്ജീവി നായകനായ ആചാര്യയാണ് മറ്റൊരു സിനിമ. തൃഷ കൃഷ്ണന്‍ വേണ്ടെന്നു വച്ച റോളിലാണ് കാജല്‍ അഭിനയിക്കുന്നത്.